Malayalam Short Story-Amavasi

അമാവാസി

സൂര്യനും ചന്ദ്രനും നേര്‍ രാശിയില്‍ പ്രവേശിക്കുമ്പോള്‍ ഭൂമിയില്‍ മഴ തിമര്‍ക്കുകയായിരുന്നു.
വിഷാദത്തിന്റെ ഈ മഴയാണ് മനുവിനെ അവളില്‍ നിന്നും അകറ്റിയത്. . അവരുടെ സ്വപ്നങ്ങളുടെ ആകാശത്ത് കരിനിഴല്‍ വീഴ്ത്തിയത്..
ഒരേ രേഖയില്‍ വന്ന ചന്ദ്രന്‍ സൂര്യനെ മറച്ചു. അതിന്റെ പ്രകാശത്തെ ഭൂമിയില്‍ നിന്നും ഒളിപ്പിച്ചു വെച്ചു . മയൂര്‍ ഗഞ്ചിലെ പതിമൂന്നാം നമ്പര്‍ ഫ്ലാറ്റിലിരുന്നു ഓര്‍മ്മകളെ നേര്‍ത്ത ചരടില്‍ കൊര്‍ക്കുവാന്‍ ശ്രമിക്കുകയാണ് അവള്‍ ..

കഴിഞ്ഞ അവധി കാലത്ത് വീട്ടിലേക്കുള്ള യാത്രയില്‍ വെറുതെയുള്ള ഒരു പരിചയപ്പെടല്‍ , അതിത്രമാത്രം പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് അവള്‍ക്ക് അന്ന് അറിയില്ലായിരുന്നു. . മാന്യമായ അയാളുടെ പെരുമാറ്റം , ചടുലമായ വര്‍ത്തമാനം . അത് അയാളോടുള്ള ബഹുമാനമായി അവളില്‍ രൂപപ്പെട്ടു .
അടുത്ത ബര്‍ത്തില്‍ സ്ഥാനമുറപ്പിച്ച അയാള്‍ അളന്നു തൂക്കിയാണ് അവള്‍ക്കു നേരെ പ്രശംസകള്‍ ചൊരിഞ്ഞത്.

രണ്ടു രാവും രണ്ടു പകലുകലുമുള്ള ആ നീണ്ട യാത്രയില്‍ , അയാള്‍ നക്ഷത്രങ്ങളെ കുറിച്ചാണ് കൂടുതലും പറഞ്ഞത് . നക്ഷത്രങ്ങള്‍ പൂത്തു നില്‍ക്കുന്ന ആകാശത്തെ കുറിച്ച് . അത് നമ്മിലുണ്ടാക്കുന്ന സന്തോഷങ്ങളെ കുറിച്ച്. പുറത്തു ശക്തമായി മഴ പെയ്യുന്നുണ്ടെങ്കിലും കറുത്ത മേഘങ്ങളേ കുറിച്ച് മിണ്ടിയതേയില്ല .

അവളുടെ തുടുത്ത കവിള്‍ത്തടത്തില്‍ വിരിയുന്ന നുണക്കുഴികളാണ് നക്ഷത്രങ്ങളെന്നും , ചെറിയ ചുണ്ടുകള്‍ ചന്ദ്രക്കലയെയാണ് സൂചിപ്പിക്കുന്നതെന്നും അയാള്‍ പറഞ്ഞുറപ്പിച്ചു. സ്വപ്നങ്ങളുടെ പട്ടു കുപ്പായം അവളിലണിയിച്ചു . ഏഴു വര്‍ണ്ണങ്ങള്‍ ഒന്നിച്ചുള്ള ഒരു മായാ കാഴ്ചയായി അതവളുടെ മനസ്സില്‍ നിറച്ചു . അയാളുടെ ചുണ്ടുകളില്‍ നിന്നും ഉതിരുന്ന മുത്തു മണികള്‍ക്കായി ഉള്ളം കൊതിച്ചു .

ഒരു പക്ഷെ മനു പോലും ഇത്രയും മനസ്സിലാകിയിട്ടുണ്ടാവില്ല . അവളുടെ ഓരോ അവയങ്ങളെയും പ്രപഞ്ചവുമായി ഇഴ ചേര്‍ത്തു അയാളുടെ ഭാവനകള്‍ വിരിഞ്ഞു . രാശി ചക്രത്തിലൂടെ ഭൂമിയെ വലം വെയ്ക്കുന്ന ചന്ദ്രനെ പോലെ ആ കണ്ണുകള്‍ അവളെ തന്നെ വലം വെച്ചു . മനുവുമൊത്തുള്ള വിവാഹം വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ചതായിരുന്നു . അവരുടെ കണ്ടുപിടിത്തം എല്ലാം കൊണ്ടും ശെരിയുമായിരുന്നു . മനസ്സില്‍ താലോലിച്ച സ്വപ്നങ്ങളെ മുന്‍കൂട്ടി അവര്‍ കണ്ടറിഞ്ഞതു പോലെ . മനുവിനെ അവള്‍ക്കും അവളെ മനുവിനും ശെരിക്കും ഇഷ്ടമായിരുന്നു . വര്‍ണ്ണങ്ങള്‍ നിറക്കൂട്ട്‌ ചാര്‍ത്തിയ ആകാശത്തു രണ്ടു ഇണക്കിളികളെ പോലെ അവര്‍ പറന്നു നടന്നു . അവളുടെ ഇണയെ അന്നേ കണ്ടു വെച്ചതായിരുന്നുവെന്നും , വിവാഹം സ്വര്‍ഗ്ഗത്തില്‍ വെച്ചു തന്നെ നടന്നിരിക്കണമെന്നും കൂട്ടുകാരികള്‍ അസുയപ്പെട്ടു .
പൂമ്പാറ്റകളും ചെറു കിളികളും സമ്പന്നമാക്കിയ നാളുകള്‍ .. മുറ്റത്തെ പൂന്തോട്ടത്തില്‍ പൂക്കള്‍ വിരിയാന്‍ മത്സരിക്കുകയാണ്.

കമ്പനിയുടെ അത്യാവശ്യമായ ചില തിരക്കുകളായിരുന്നു മനുവിനെ ഒന്നിച്ചുള്ള യാത്രയില്‍ നിന്നും അകറ്റിയത്.
രണ്ടു ടിക്കറ്റുകള്‍ റിസര്‍വ്വ് ചെയ്തതില്‍ ഒന്ന് അവസാന നിമിഷം കാന്‍സല്‍ ചെയ്യുകയാണ് ഉണ്ടായത് . ഒറ്റയ്ക്കുള്ള യാത്ര വേണ്ടെന്നു എത്ര തവണ അവള്‍ മനുവിനോട് കെഞ്ചിയതാണ് .. അവനാണ് നിര്‍ബന്ധം പിടിച്ചത് .. താനിപ്പോള്‍ അത്ര കൊച്ചുകുട്ടിയൊന്നുമല്ല . കരഞ്ഞു കൊണ്ടാണെങ്കിലും വഴങ്ങിയത് … ഒരു വലിയ തെറ്റ് .
നേര്‍ത്ത നൂല്‍ ചരടില്‍ കോര്‍ത്ത മുത്തുകളെ പോലെ ബന്ധങ്ങള്‍ മനോഹരമായ ജീവിതത്തെയുണ്ടാക്കുന്നു , ഒരു ചെറിയ അശ്രദ്ധ അത് മതി ആകെ തകരാറിലാകാന്‍ . എവിടെയെങ്കിലും കൊളുത്തി വലിക്കാതെ നോക്കണം . മനസ്സ് ചിതറാതെ നോക്കാന്‍ ഹൃദയത്തോട് പറയണം .
ചിന്തകള്‍ മുറിയുന്നു .. ഹൃദയവും മനസ്സും വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്നതായി അവള്‍ക്കു തോന്നി .
മുത്തുകള്‍ വീണ്ടും താഴേക്കു വീഴുകയാണോ ? വീണ്ടും ഒരു ഉലച്ചില്‍ …

അയാളുടെ മുഖത്തു വിടര്‍ന്ന ചിരി ,
പ്രകാശങ്ങളുണ്ടാക്കുന്നതായി അവള്‍ക്കു തോന്നി.
കട്ടിയുള്ള മീശ രോമങ്ങള്‍ക്കു താഴെ ഒരു റോസാപ്പൂ വിരിയുന്നത് പോലെ .. ആ കണ്ണുകളിലെ തിളക്കം . ആരാധനയോടെ അവള്‍ അതു തന്നെ നോക്കിയിരുന്നു .
ഫ്ലാസ്കില്‍ നിന്നും ചൂടുള്ള ചായ എടുത്ത് അയാള്‍ അവള്‍ക്കു നേരെ നീട്ടി . അല്പം മടിച്ചാണെങ്കിലും അവള്‍ അത് വാങ്ങി . അയാളുടെ നേര്‍ത്ത വിരലുകള്‍ അറിയാതെയെന്നോണം അവളുടെ വിരലുകളെ തലോടി. .
കൈ പിറകോട്ടു വലിച്ചെങ്കിലും ഹൃദയത്തിലെവിടെയോ ഉള്ള തലോടലായി അവള്‍ക്കതനുഭവപ്പെട്ടു . ചൂടുള്ള ചായ അകത്തെ വിരസതയെ ഒന്ന് ചൂട് പിടിപ്പിച്ചത് പോലെ .
ഉന്മേഷത്തോടെ അവള്‍ അയാള്‍ക്ക്‌ നന്ദി പറഞ്ഞു. അകം നിറഞ്ഞ ഒരു ചിരിയായി .

മനു വിളിക്കുന്നുണ്ടായിരുന്നു.. ഒരു പാട് മിസ്ഡു കാളുകള്‍ കൊണ്ട് അവളുടെ സെല്‍ഫോണ്‍ നിറഞ്ഞു. അയാള്‍ അവളെ തന്നെ നോക്കിയിരുന്നു. ആ കണ്ണുകളിലെ വശ്യത പ്രലോഭനങ്ങളായി അവള്‍ക്കു അനുഭവപ്പെട്ടു . ഫോണ്‍ ബാഗിലേക്കു തന്നെ തിരുകി വെച്ചു . അലസമായി അയാള്‍ കൈ അവളുടെ കൈകള്‍ക്ക് മീതെ വെച്ചു. ജീവിതത്തിന്റെ വിരുദ്ധ ധ്രുവങ്ങളിലുള്ള ആ രണ്ടു മനസ്സുകളില്‍ അത് കാന്തിക ചാലകമായി വര്‍ത്തിച്ചു. നെയില്‍ പോളിഷു ചെയ്ത അവളുടെ നനുത്ത വിരലുകളെ അയാള്‍ ചുണ്ടോട് അടുപ്പിച്ചു. അവളുടെ കണ്ണുകള്‍ പതിയെ അടഞ്ഞു.
പുറത്തു മഴ കനയ്ക്കുകയാണ്.

മനുവിന്റെ ഓര്‍മകളെ മറച്ചു കൊണ്ട് ഒരു അമാവാസി നാളിലെ ചന്ദ്രനായി , അയാള്‍ അവളെ തന്റെ കരവലയത്തിനുള്ളില്‍ ഒതുക്കി. അവളുടെ നിശ്വാസങ്ങള്‍ക്ക് തടയിട്ടു കൊണ്ട് ചൂട് പകര്‍ന്നു. ചന്ദ്രന്റെ പഥം ഒരു പ്രത്യേക തരത്തില്‍ അവളില്‍ തന്നെ കറങ്ങി കൊണ്ടിരുന്നു. അമാവാസി നാളിലെന്ന പോലെ …

സൂര്യ ചന്ദ്രന്മാര്‍ക്ക് നടുവില്‍ വട്ടം കറങ്ങുന്ന ഭൂമി . മയൂര്‍ ഗഞ്ചിലെ ആകാശത്തു മഞ്ഞു പെയ്യുകയാണ്. . തണുപ്പ് ശാരീരരത്തിലേക്ക് തുളച്ചു കയറുന്നു . സ്വെറ്ററിട്ട അവളുടെ കൈകള്‍ മനു തന്റെ ഷോള്‍ഡറിലേക്കെടുത്തു വെച്ചു . കെട്ടിപ്പിടിച്ച് അവളുടെ കവിളില്‍ , ചുണ്ടുകളില്‍ ഉമ്മ വെച്ചു. അവളുടെ നനുത്ത കൈകള്‍ താഴേക്കു ഊര്‍ന്നുപോയി . മരവിപ്പ് ശരീരത്തെ തളര്‍ത്തി .

അവളില്‍ ആവേശമുണര്‍ത്താന്‍ അവനായില്ല. അവളുടെ മനസ്സില്‍ അയാളായിരുന്നു . നക്ഷത്രങ്ങള്‍ നുണക്കുഴിയായി തീര്‍ന്ന അവളുടെ കവിളുകള്‍ അയാളുടെ ചുണ്ടുകള്‍ക്കായി കാത്തു . ലഗ്നങ്ങളുടെ പോരുത്തങ്ങളില്‍ കെട്ടിപ്പടുത്ത ജീവിതത്തില്‍ രാഹു വിഷം ചീറ്റുന്ന സര്‍പ്പമായി നിലകൊണ്ടു . അവളുടെ നീര്‍ജ്ജിവതയില്‍ പൊതിഞ്ഞ നിസ്സംഗത മനുവിനെ മടുപ്പിച്ചു.

അലമാരയില്‍ കിടന്ന ഷിവാട്സിന്റെ കുപ്പി അയാളെടുത്തു . തുറന്ന് ഗ്ലാസ്സില്‍ പാതിയോഴിച്ചു . ബാക്കി ഐസ്സ് ക്യുബുകള്‍ കൊണ്ട് നിറച്ചു . കത്തുന്ന സിഗറില്‍ നിന്നുമുയരുന്ന പുകച്ചുരുളുകളെ നോക്കി അവന്‍ കാത്തിരുന്നു … അവളിലെ മഞ്ഞുരുകുന്നതിനായി . അവളുടെ സിരകളില്‍ ചുടു രക്തം ഒഴുകുന്നതിനായി .
ചന്ദ്രനില്‍ നിഴല് പരത്തുന്നതിനായി , അപഹാരങ്ങളില്‍ നിന്നകന്ന് , ഭൂമിയുടെ മേലുലുള്ള ആധിപത്വത്തിനായി . മനു കാത്തിരുന്നു …

ദൈവം കല്‍പ്പിച്ചു , വെളിച്ചം ഉണ്ടാകട്ടെ . വെളിച്ചം ഉണ്ടായി .. വെളിച്ചത്തെ ഇരുട്ടില്‍ നിന്നും മനു വേര്‍തിരിച്ചു . സാരമില്ല .. നടന്നത് നടന്നു . സൂര്യനാണ് പ്രധാനം , ചന്ദ്രന്‍ ഉപ ഗ്രഹം മാത്രമാണ് , ഇനി ശ്രദ്ധിക്കുക .. ഇരുട്ട് പടരാതിരിക്കാന്‍ ശ്രദ്ധിക്കുക .
മദ്യം നല്‍കിയ ആവേശത്തിലോ , ഹൃദയത്തിന്റെ വെളിപാട് പോലെ അങ്ങിനെ പറയാനാണ് മനുവിന് തോന്നിയത് .

ഒരു ഏറ്റു പറച്ചിലില്‍ അവള്‍ തന്റെ കലങ്ങിയ കണ്ണുകളെ തുടച്ചു . അഹം നിറഞ്ഞ കുറ്റ ബോധത്താല്‍ തൊണ്ടയില്‍ വാക്കുകള്‍ കുടുങ്ങി . നേരിയ നൂല്‍ ചരടിന്റെ ബലത്തിലാണ് മാലകള്‍ സുരക്ഷിതമാകുന്നത് . നിലത്തു വീണു കിടക്കുന്ന മുത്തുകള്‍ പെറുക്കി കോര്‍ത്തെടുത്ത വീണ്ടും ഒരു ജീവിതം അവളാഗ്രഹിച്ചു . അവളെ ചേര്‍ത്തു പിടിച്ച് മനു വീണ്ടും അവളുടെ ഹൃദയത്തില്‍ പൂക്കള്‍ നിറച്ചു . പൊട്ടാത്ത ഒരു നൂല്‍ ചരടും അവള്‍ക്കു നല്‍കി .
ബന്ധങ്ങളാണ് ജീവിതത്തെയുണ്ടാക്കുന്നത് . സുതാര്യമാവുക അതല്ലാതെ മറ്റു മാര്‍ഗ്ഗമില്ല .. പ്രവാചകനെ പോലെ അവന്‍ ഉത്ഘോഷിച്ചു .സന്ധ്യയായി , ഉഷസ്സായി . അവരുടെ ആകാശത്തു നക്ഷത്രങ്ങള്‍ പ്രകാശം പരത്തി . നിഷ്പ്രഭമായ ചന്ദ്ര പ്രഭയില്‍ അവള്‍ ആശ്വാസം കൊണ്ടു . പിറക്കാനിരിക്കുന്ന സൂര്യ കിരണത്തെ ഓര്‍ത്ത്‌ അവള്‍ ആനന്ദിച്ചു .

Categories:

Leave a Reply