Malayalam Short Story-Punitha

പുനിത

ഇന്നലെ എന്തൊരു ശാപം പിടിച്ച ദിവസമായിരുന്നു മഴ കോരിചൊരിഞ്ഞു കൊണ്ടിരിക്കെയാണ്
ഗൌരി ഓടി വന്നു പറഞ്ഞത് രാധാഭായിയുടെ കുട്ടി… അടുക്കളയില്‍ പാത്രം കഴുകിക്കൊണ്ടിരുന്ന രാധ ഓടിവന്നു ചോദിക്കുമ്പോഴേക്കും ഗൌരി ഗേറ്റുകടന്നു
പോയിരുന്നു. അവള്‍ക്കു പിന്നാലെ രാധയും ഓടി.. എന്തേ, എന്തുപറ്റി എന്നൊന്നുമറിയാതെ ഞാനും അന്തം വിട്ടുനിന്നു. കുറച്ചു സമയം കഴിഞ്ഞു മൂന്നുനാലു പോലീസുകാര്‍ കടന്നു പോകുന്നത് കണ്ടപ്പോഴാണ് എന്തോ കാര്യമായ കുഴപ്പം
സംഭവിച്ചിട്ടുണ്ടെന്ന് തോന്നിയത്. എന്തുപറ്റി കുഞ്ഞേ.. രാധയെന്തേ പാത്രം കഴുകാതെ പോയത്..? ദേവൂമ്മ നാമജപം മതിയാക്കി പൂമുഖത്തേക്ക്‌ വന്നു.
പാര്‍വതിയാണെങ്കില്‍ സ്കൂളില്‍ പോകാന്‍ ധൃതികൂട്ടി കൊണ്ടിരുന്നു. ഞങ്ങള്‍ രണ്ടുപേര്‍ക്കുമുള്ള ഭക്ഷണം പാത്രത്തിലാക്കി ഇറങ്ങിയപ്പോഴേ വലിയൊരു ജനക്കൂട്ടം
ഉണ്ടായിരുന്നു. റോഡ്‌ ബ്ലോക്കായിരുന്നു. ആരെയും കടന്നു പോകാന്‍ അനുവദിക്കുന്നില്ല, മോള്‍ അടുത്തുകണ്ട പോലീസുകാരനോട്‌ കാര്യം തിരക്കിയതും
അയാള്‍ വായില്‍വെച്ച് ചവച്ചു കൊണ്ടിരുന്ന ദ്രാവകം റോഡിലേക്ക് ഒരു ദാക്ഷിന്യവുമില്ലാതെ രൂക്ഷമായി തുപ്പി ഉറക്കെ പ്രഖ്യാപിച്ചു, കൊലപാതകം.. അറും
കൊല ഒരെട്ടു വയസ്സുകാരിയെ, അയാളുടെ വായിലെ പരുഷമായ ഹിന്ദിവാക്കുകളില്‍ ആ
എട്ടുവയസ്സുകാരിക്കുട്ടി കിടന്നു പിടയുന്നത് ഞാനറിഞ്ഞു. പെട്ടെന്നാണ്, ഞാന്‍ പുനിതയെ ഓര്‍ത്തത്‌. രാധാഭായിയുടെ മകള്‍ “പുനിത” ഈശ്വരാ എന്റെ തൊണ്ടയിലൊരു
നിലവിളി കിടന്നു കുരുങ്ങി.

പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ചയും വിവേകവുമുള്ള കുട്ടി, പഠിക്കാന്‍ മിടുക്കിയായ അവളെ എനിക്കിഷ്ട്ടവുമായിരുന്നു. അതിനാല്‍ തന്നെ എന്റെയടുത്തു വല്ലാത്തൊരു
സ്വാതന്ത്ര്യം എടുക്കുമായിരുന്നു അവള്‍.

രാധക്ക് ഈ പട്ടണത്തില്‍ പരിചയക്കാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. വിവാഹശേഷം ഭര്‍ത്താവുമൊത്ത് ഇവിടെ വന്നു എന്നുമാത്രം. ഭര്‍ത്താവിന്റെ ആഗ്രഹമായിരുന്നു
മകളെ കോണ്‍വെന്റ് സ്കൂളില്‍ ചേര്‍ക്കണമെന്ന് അതിനാല്‍ അവരുടെ സമ്പാദ്യത്തിന്റെ നല്ലൊരു പങ്കു കൊടുക്കേണ്ടിയും വന്നു. സത്യം പറഞ്ഞാല്‍ പുനിത വഴിയാണ് രാധ ഇവിടെ ജോലിച്ചെയാന്‍ തുടങ്ങിയത് സ്കൂള്‍ ഫീസ്‌ അടയ്ക്കാതതിനായിരുന്നു രാധയെ ആദ്യമായി
വിളിപ്പിച്ചത് പഠിക്കാന്‍ മിടുക്കിയായ പുനിതയുടെ പഠനം ഇടയ്ക്കുവെച്ചു മുറിഞ്ഞുപോകരുതെന്ന് ഞാന്‍ ആഗ്രഹിച്ചു. അവളുടെ നിസഹായവസ്ഥ മനസ്സിലായാതിനാല്‍
പിന്നീട് പുനിതയുടെ ഫീസ്‌ ഞാന്‍ തന്നെയാണ് അടച്ചു കൊണ്ടിരുന്നത്. ഭര്‍ത്താവു മരിച്ച അവള്‍ക്കു ഇവിടത്തെ ജോലി ഒരാശ്വാസമായിരുന്നു.

രണ്ടു മാസം മുന്‍പ് രാധ രണ്ടാഴ്ചത്തെ ലീവെടുത്ത് പോയതും അവള്‍ വീണ്ടും വിവാഹം
കഴിച്ച വിവരവും എന്നോട് പറഞ്ഞിരുന്നു. രണ്ടാം വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു ടീച്ചര്‍ജി ഒരാണ്‍തുണയില്ലാതെ ഇവിടെ ജീവിക്കാന്‍
പറ്റില്ല, പിന്നെ പുനിതയെ അയാള്‍ക്ക് ജീവനാണ്. ഞാനും മോളും ഒരുപാട് ഭയന്നാണ് ഇവിടെ കഴിയുന്നത്. അയാള്‍ മോളെ സ്വന്തം മോളെപ്പോലെ നോക്കും. ആവളുടെ മുഖത്ത്
കണ്ട പുതിയ പ്രതീക്ഷ എന്നിലും സന്തോഷം ഉണ്ടാക്കി.

തിക്കിതിരക്കിയാണ് കോരിച്ചൊരിയുന്ന മഴയില്‍ ഞങ്ങള്‍ ആ വീട്ടിലേക്കു കയറിയത്, കരഞ്ഞു തളര്‍ന്നു കിടക്കുന്ന രാധാഭായിക്കടുത്ത് പുനിത, അവളുടെ
കുഞ്ഞുകാലുകള്‍ക്കിടയിലൂടെ ഒലിച്ചിറങ്ങിയ രക്തം തറയോടിളകിയ ആ നിലത്തു തളംകെട്ടി
കിടന്നിരുന്നു. അവളുടെ ചെറിയച്ചന്‍ ഒരുപാട് സ്നേഹിച്ചതിന്റെ ഫലം.

തളര്‍ന്ന മനസ്സോടെയാണ് അവിടെ നിന്ന് പോന്നത്. എന്നിട്ടും, വീട്ടിലേക്കു കയറുമ്പോള്‍ ഞാനോര്‍ത്തത് സിങ്കിലെ കഴുകിതീരാത്ത ആ പാത്രങ്ങളാണ്.

…………………………….

ഷയ്മജ ശിവറാം.

Categories:

Leave a Reply